ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന ‘വിശ്വമാനവികതയുടെ ലോക പൂക്കള മത്സരം” മൂന്നാം സീസണിന്റെ വെബ്‌സൈറ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വെബ്‌സൈറ്റിന്റെ ഹോം പേജ് ടൂറിസം സെക്രട്ടറി കെ.ബിജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളെ ഒറ്റയിടത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനാണ് ലോക പൂക്കള മത്സരത്തിലൂടെ രണ്ടുവർഷം മുൻപ് ടൂറിസം വകുപ്പ് തുടക്കമിട്ടതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള വ്യക്തികൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കും പങ്കെടുക്കാം. സെപ്തംബർ 16 വരെ പൂക്കളങ്ങളുടെ ഫോട്ടോകൾ വെബ്‌സൈറ്റിലെ ലിങ്കിൽ (https://www.keralatourism.org/contest/pookkalam2023) അപ്‌ലോഡ് ചെയ്യാം. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കുന്ന മൂന്ന് എൻട്രികൾക്ക് സമ്മാനം നൽകും. മത്സരാർത്ഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. 2021ലാണ് ലോക പൂക്കള മത്സരത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടത്.


