ഇടുക്കി അണക്കെട്ടിനു സമീപം നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇന്ന് ഇക്കോ ലോഡ്ജിലെ താമസസൗകര്യങ്ങൾ കാണുവാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.
25 ഏക്കറോളം വരുന്ന പ്രദേശത്ത് 6.72 കോടി രൂപ വിനിയോഗിച്ചാണ് ഇക്കോ ലോഡ്ജുകൾ നിർമിച്ചിരിക്കുന്നത്. പൂർണമായും തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ താമസ അനുഭവത്തിനൊപ്പം പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡി.ടി.പി.സി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ സാധിക്കും. വിനോദസഞ്ചാര വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇന്ന് മുതൽ ഇ ലോഡ്ജ് ഓൺലൈനായി ബുക്ക് ചെയ്യാം.