സാഹസികരെ കാത്ത് കേരളം:രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ്

0
154

ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടെൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ 2024 തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മത്സരങ്ങൾക്ക് ആരംഭം കുറിച്ച് മാർച്ച് 14 മുതൽ 17 വരെ ഇടുക്കി വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് കോംപറ്റീഷൻ 2024 സംഘടിപ്പിക്കും. 15 രാജ്യങ്ങൾ മത്സരത്തിന്റെ ഭാഗമാകാൻ താത്പര്യമറിയിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസ്‌ലാൻഡ്, യുഎസ്, യുകെ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുക്കും. നൂറോളം ദേശീയ-അന്തർദേശീയ ഗ്ലൈഡർമാർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എയറോ സ്പോർട്സ് ആണെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്‌വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സാങ്കേതിക സഹായം നൽകും.


മാർച്ച് 29 മുതൽ 31 വരെ വർക്കലയിൽ അന്തർദേശീയ സർഫിംഗ് ഫെസ്റ്റിവൽ നടക്കും. വർക്കലയെ രാജ്യത്തെ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ 26 മുതൽ 28 വരെ ഏഴാമത് അന്തർദേശീയ മൗണ്ടെൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിലായിരിക്കും ചാമ്പ്യൻഷിപ്പ് നടക്കുക. കയാക്കിംഗ് പ്രേമികളുടെ പ്രധാന ആകർഷണമായ മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംഘടിപ്പിക്കും.