സംസ്ഥാനത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകമെമ്പാടുമെത്തിക്കുന്നതിനും തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ഭാഷകളിൽ മൈക്രോ വെബ്സൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം. പ്രധാന ആരാധനാലയങ്ങളുടെയെല്ലാം വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമടങ്ങുന്നതാകും ഈ മൈക്രോ വെബ്സൈറ്റുകൾ.
കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയാണ് പദ്ധതിക്കായി ആദ്യം പരിഗണിക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങുന്ന വെബ്സൈറ്റ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ലഭ്യമാക്കും. 61.36 ലക്ഷം രൂപയുടെ പ്രോജക്റ്റിൽ ശബരിമലയെക്കുറിച്ചുള്ള ഇ-ബ്രോഷറുകളും ഉൾപ്പെടും. ഓരോ വർഷവും ശബരിമലയിൽ എത്തുന്ന അഞ്ച് കോടിയോളം വരുന്ന ഭക്തരെ കേരളത്തിലെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൂടി ആകർഷിക്കുകയാണ് ലക്ഷ്യം.
താമസ സൗകര്യം, യാത്രാ മാർഗങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ഷോപ്പിംഗ് കേന്ദ്രങ്ങൾ, പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും ബുക്കിംഗ് സൗകര്യവും മൈക്രോ സൈറ്റിൽ ഉണ്ടായിരിക്കും.