കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി നൽകുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. സാമ്പത്തിക പ്രതിസന്ധി മൂലം ഏറെനാളായി സപ്ലൈക്കോ വഴിയുള്ള സബ്സിഡി ഉത്പന്നങ്ങളുടെ വിൽപ്പന കുറവാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പാക്കിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് വിൽക്കുക. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങൾക്ക് നല്‍കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.