സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് കൊട്ടാരക്കരയിൽ:പരിശീലനം നൽകാൻ സോഹോ

0
197

കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്കിന് കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജിലെ ഗവേഷണ വികസന വിഭാഗത്തിൽ തുടക്കമായി. കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്മെന്റും സോഹോ കോർപറേഷനുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിച്ചത്. വീടിനടുത്ത് തന്നെ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന വർക്ക് നിയർ ഹോം സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലയിലും ടയർ2 സിറ്റികളിലും ഹൈ എൻഡ് ടെക്നിക്കൽ തൊഴിൽ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

എഐ, റോബോട്ടിക്സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ സോഹോ കോർപറേഷൻ പരിശീലനം നൽകും. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ പാർക്കിൽ ഉണ്ടാകും. വ്യവസായ സംരംഭങ്ങളുമായി നവീന സാങ്കേതിക വിദ്യ സംയോജിപ്പിക്കാൻ ക്യാമ്പസുകളെ സജ്ജമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിദ്യാർഥികൾക്ക് തൊഴിൽനൈപുണ്യം ഉറപ്പാക്കുകയും തൊഴിൽദാതാക്കളായി മാറ്റുകയും ചെയ്യും.

കോളജിലെ ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (LEAP) സെന്ററുകൾ കോ വർക്കിംഗ് സ്പേസാക്കി മാറ്റും. ഐടി കമ്പനിയായ സോഹോയുടെ ആർ ആൻഡ് ഡി ലാബുകൾ ഈ ലാബുകളിൽ ആരംഭിക്കും. കൊട്ടാരക്കരയിലെ കേന്ദ്രം ഗ്രാമീണ മേഖലയിലെ ഐടിഐ, പോളി ടെക്നിക് ഡിപ്ലോമ യോഗ്യത നേടുന്നവർക്കും പ്രയോജനകരമാകും.