കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയിൽ 16 ശതമാനം വർദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയിൽ 2,326 കോടി രൂപയായിരുന്നു കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. 1.68 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ ദേശീയതലത്തിൽ പിരിച്ചെടുത്ത മൊത്തം ജി.എസ്.ടി. 2023 ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയേക്കാൾ 12.5 ശതമാനം അധികമാണിത്.
അതേസമയം ഇക്കഴിഞ്ഞ ജനുവരിയിലെ 1.72 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ സമാഹരണത്തിൽ 2.2 ശതമാനം കുറവുണ്ടായി. എന്നാൽ ഫെബ്രുവരിയിൽ 29 ദിവസം മാത്രം ഉണ്ടായിരുന്നതുകൊണ്ട് വന്ന കുറവായാണ് ഇത് കണക്കാക്കുന്നത്. കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയിൽ 31,785 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ്. സംസ്ഥാന ജി.എസ്.ടിയായി 39,615 കോടി രൂപയും സംയോജിത ജി.എസ്.ടിയായി 84,098 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തിൽ 12,839 കോടി രൂപയും ലഭിച്ചു.
നടപ്പ് സാമ്പത്തിക വർഷം (2023-24) ഏപ്രിൽ-ഫെബ്രുവരി കാലയളവിലെ സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടിയിലെ എസ്.ജി.എസ്.ടി എന്നിവയുടെ വിഹിതമായി 28,358 കോടി രൂപ ധനമന്ത്രാലയം കേരളത്തിന് നൽകി. ഇത് കഴിഞ്ഞവർഷത്തെ സമാനകാലത്തെ 26,651 കോടി രൂപയേക്കാൾ 6 ശതമാനം കൂടുതലാണ്. 27,065 കോടി രൂപയുമായി കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുത്തത് മഹാരാഷ്ട്രയാണ്. രണ്ടുകോടി രൂപ മാത്രം പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ.