സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന

0
120

2023 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ 32.70 ശതമാനം വർധനയുണ്ടായതായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). കഴിഞ്ഞ വർഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റർ ചെയ്‌തത്. 2022ൽ ഇത് 159 പ്രോജക്ടുകളായിരുന്നു. മൊത്തം 1.63 കോടി ചതുരശ്ര അടിയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിൽ 1.84 ലക്ഷം ചതുരശ്ര അടി കൊമേഴ്‌സ്യൽ ഏരിയയാണ്. ചതുരശ്ര അടിക്ക് 3,000 രൂപ വീതം നിർമാണച്ചെലവ് കണക്കാക്കിയാൽ 5,000 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.


എറണാകുളം ജില്ലയിലാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ രജിസ്റ്റർ ചെയ്‌തത്. 78 പദ്ധതികളിലായി 2,787 യൂണിറ്റുകളുടെ നിർമ്മാണമാണ് ഇവിടെ നടക്കുന്നത്. 51 പദ്ധതികളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 2,701 യൂണിറ്റുകളാണ് ഇവിടെ നിർമാണത്തിലിരിക്കുന്നത്. വലിയ പ്രോജക്ടുകൾ കൂടുതൽ നടക്കുന്നത് തിരുവനന്തപുരത്താണ്. തൃശൂർ (25), പാലക്കാട് (24), കോഴിക്കോട് (14), കണ്ണൂർ (3) എന്നിവയാണ് രജിസ്ട്രേഷനിൽ മുന്നിലുള്ള മറ്റ് ജില്ലകൾ. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ ഓരോ പദ്ധതി വീതവും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.