കേരളത്തിന്റെ ഇന്ധന നികുതി വരുമാനത്തിൽ വർധന:നടപ്പ് വർഷം ആദ്യ പകുതിയിൽ നേടിയത് 5,219 കോടി

0
153

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) ആദ്യപകുതിയിൽ (ഏപ്രിൽ -സെപ്റ്റംബർ) പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപനയിലൂടെ നികുതി വരുമാനമായി കേരള സർക്കാർ സ്വന്തമാക്കിയത് 5,219 കോടി രൂപ. 2022-23ലെ സമാനകാലത്ത് 5,137 കോടി രൂപയായിരുന്നു വരുമാനം. 2022-23ൽ ആകെ 11,827 കോടി രൂപ ഇന്ധന നികുതിയായി കേരളത്തിന് ലഭിച്ചുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (PPAC) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 6,924 കോടി രൂപ മാത്രമായിരുന്നു വരുമാനം. 2021-22ൽ വരുമാനം 9,265 കോടി രൂപയായി ഉയർന്നു.

രാജ്യത്ത് സംസ്ഥാന തലസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിന്റെ അമരാവതിയിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വില. ലിറ്ററിന് 111.87 രൂപ. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ലിറ്ററിന് 109.73 രൂപ. 109.66 രൂപയുമായി തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദാണ് മൂന്നാമത്. പെട്രോളിന് വില ഏറ്റവും കുറവ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. 84.10 രൂപ മാത്രമാണ് പോർട്ട് ബ്ലെയറിൽ വില. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറാണ് രണ്ടാമത്. 92.78 രൂപ.

പി.പി.എ.സിയുടെ റിപ്പോർട്ട് പ്രകാരം നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിവരുമാനമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നേടിയത് 3.40 ലക്ഷം കോടി രൂപയാണ്. 2022-23ലെ സമാനകാലത്ത് ഇത് 3.57 ലക്ഷം കോടി രൂപയായിരുന്നു. ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയൽറ്റി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി, കോർപ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വിൽപന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്.