പുരസ്കാര നേട്ടത്തിൽ കേരളത്തിന്‍റെ സ്വന്തം കൊച്ചി വാട്ടർ മെട്രോ. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023ല്‍ രണ്ട് അവാര്‍ഡുകളാണ് കൊച്ചി വാട്ടർ മെട്രോ കരസ്ഥമാക്കിയത്. ഒക്ടോബർ 17 മുതൽ 19 വരെ മുംബൈയിൽ വച്ചാണ് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി നടന്നത്.
ഫെറി സർവ്വീസുകളിലെ മികവിനും, ഉൾനാടൻ ജലപാതകളെ ബന്ധിപ്പിച്ച് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകുന്ന ടെർമിനലുകൾ ഒരുക്കിയതിനുമുള്ള അവാർഡുകളാണ് കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ശ്രീപദ് നായിക് എന്നിവരിൽ നിന്ന് കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സാജൻ പി ജോൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കൊച്ചി വാട്ടർ മെട്രോ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. നിലവിൽ മൂന്ന് റൂട്ടുകളിലായി 12 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. അധിക ടെർമിനലുകൾ നിർമ്മിച്ച് കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്.