സാങ്കേതികമായി വളരുന്ന നഗരം: ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ പട്ടികയിൽ തിരുവനന്തപുരവും

0
108

സാങ്കേതികപരമായി വളർന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ തിരുവനന്തപുരവും. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ്‌വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരം ഇടം പിടിച്ചത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്ക (യുഎസ്, കാനഡ, മധ്യ, ലാറ്റിൻ അമേരിക്ക), ഇഎംഇഎ (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക), എപിഎസി (ഇന്ത്യ, ചൈന ഉൾപ്പടെ ഏഷ്യ-പസഫിക്) എന്നീ മൂന്ന് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നുളള 24 നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. കൊൽക്കത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ.

അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബുകൾ, ഹൈവേകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതോ വികസനത്തിലുള്ളതോ ആയ നഗരങ്ങളാണ് പട്ടികയിലുള്ളത്. നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിത നിലവാരം, കുറഞ്ഞ ചെലവ് തുടങ്ങിയ കാരണങ്ങളാണ് തിരുവനന്തപുരത്തെ തെരഞ്ഞെടുക്കാൻ കാരണം. മറ്റ് ജനപ്രിയ ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തൊഴിൽ വിപണി മത്സരം, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, എന്നിവ കണക്കിലെടുത്താണ് കൊൽക്കത്തയെ തെരഞ്ഞെടുത്തത്. രാജ്യത്ത് വളർന്നുവരുന്ന 26 സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ പട്ടികയിലും അടുത്തിടെ തിരുവനന്തപുരവും കൊച്ചിയും ഇടംപിടിച്ചിരുന്നു.