രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് കൂടിയാണ് കൃത്രിം. 100 കോടി ഡോളർ മൂല്യം നേടുന്ന സ്റ്റാർട്ടപ്പ് കമ്പനികളെയാണ് യൂണികോൺ എന്നുവിളിക്കുന്നത്. കഴിഞ്ഞ ദിവസം നിക്ഷപകരിൽ നിന്ന് 50 മില്യൺ ഡോളർ സമാഹരിച്ചതോടെ കൃത്രിമിന്റെ മൂല്യം 1 ബില്യൺ ഡോളറായിരുന്നു.
ഒല കാബ്സിനെയും ഒല ഇലക്ട്രിക്കിനെയും പിന്തുണച്ചിരുന്ന മാട്രിക്സ് പാർട്ണർ ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് നടന്നത്. ലഭിച്ച നിക്ഷേപം ആഗോളതലത്തിൽ കമ്പനിയെ വളർത്തുന്നതിനും, എഐ മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനും വിനിയോഗിക്കുമെന്ന് കൃത്രിം പറഞ്ഞു.
കഴിഞ്ഞ വർഷം ഡിഡംബറിൽ കമ്പനി ആദ്യമായി മൾട്ടി ലിംഗ്വൽ ലാർജ് ലാംഗ്വേജ് മോഡലായ കൃത്രിം അവതരിപ്പിച്ചിരുന്നു. ഈ വർഷം പകുതിയോടെ കൃത്രിം പ്രോ ലോഞ്ച് ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.