16 മണിക്കൂറിൽ കേരളത്തിൽ എവിടെയും:കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിനെക്കുറിച്ച് കൂടുതൽ അറിയാം

0
538

കെ.എസ്.ആർ.ടി.സി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം. ’16 മണിക്കൂറിൽ കേരളത്തിൽ എവിടെയും’ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിനെക്കുറിച്ച് കൂടുതൽ അറിയാം.

2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം നാല് മാസത്തിനകം ഹിറ്റായി. പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതു ചരിത്രമാണ് പിറന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തി.

കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുന്നത്. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തിവരുന്നത്. നിലവിൽ സർവീസ് നടത്തുന്ന ബസ്സുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ആയതിനാൽ യഥാസമയങ്ങളിൽ കൊറിയറുകൾ എത്തിക്കുവാൻ സാധിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളുളള 15 ഡിപ്പോകളും, 12 മണിക്കൂർ (രാവിലെ 8 മുതൽ രാത്രി 8 വരെ) പ്രവർത്തിക്കുന്ന 40 ഡിപ്പോകളുമാണ് നിലവിൽ ഉള്ളത്. എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തീകരിക്കുന്നതോടെ ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഫ്രാഞ്ചൈസിയും അനുവദിച്ചു വരുന്നു. പാഴ്സലുകളുടെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കളുമായി സംയോജിത പ്രവർത്തനവും ആരംഭിക്കും. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം നടപ്പിലാക്കുന്ന കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസന്റീവും നൽകുന്നുണ്ട്.


കേരളത്തിന് പുറത്ത് 5 ഇടങ്ങളിൽ (ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി) സേവനം ലഭ്യമാക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും ഡെലിവറി നൽകുന്ന കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം പൊതുജന വിശ്വാസ്യതയാർജ്ജിച്ച് വൻവിജയത്തിലേക്ക് കുതിക്കുകയാണ്.