കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.
തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്തുളള ഡിപ്പോകളില്‍ നിന്ന് കൊറിയര്‍ കൈപറ്റാവുന്ന രീതിയില്‍ കൊറിയര്‍ സംവിധാനം പ്രവര്‍ത്തിക്കും. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രൈാഞ്ചൈസികളും അനുവദിക്കും. നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താം.
200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്സലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ തരം തിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.
കൊറിയര്‍ അയക്കാനുളള സാധനങ്ങള്‍ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ ഡിപ്പോകളില്‍ എത്തിക്കണം. അയക്കുന്ന ആളിനും പാഴ്സല്‍ സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകള്‍ മെസേജായി ലഭിക്കും. പാഴ്സല്‍ സ്വീകരിക്കാന്‍, സാധുതയുളള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കാന്‍ കഴിയും. മൂന്ന് ദിവസത്തിനുളളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വീസിനെക്കാള്‍ നിരക്ക് കുറവാണെന്നതും വേഗത്തില്‍ കൊറിയര്‍ ആവശ്യക്കാരിലേക്ക് എത്തും എന്നതാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസിന് പൊതുജനങ്ങള്‍ക്ക് സ്വീകാര്യതയേറുന്നത്.