സവാരിയും, ഡി.ജെ നൈറ്റും:ന്യൂഇയർ അടിച്ചുപൊളിക്കാൻ കെ.എസ്.ആർ.ടി.സിയുടെ പാക്കേജുകൾ

0
164

ബജറ്റ് ടൂറിസത്തിന് കീഴിൽ യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുകൾ അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്‌ത ന്യൂ ഇയർ പാക്കേജുകളാണ് ആരംഭിക്കുന്നത്. രണ്ട് നേരത്തെ ഭക്ഷണവും താമസവും പുതുവത്സര ആഘോഷ പരിപാടികളും ഉൾപ്പെടുന്നതാണ് പാക്കേജ്.


‘ന്യൂ ഇയർ@900 കണ്ടി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പാലക്കാട്ട് നിന്ന് വയനാട്ടിലേക്കുള്ള യാത്ര ഡിസംബർ 31ന് രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച് ജനുവരി 1ന് വൈകിട്ടോടെ തിരിച്ചെത്തും. എൻ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളാണ് ഈ യാത്രയിൽ ആസ്വദിക്കാവുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. 31 ന് രാത്രിയിൽ 900 കണ്ടിയിലാണ് ന്യൂ ഇയർ നൈറ്റ് ഒരുക്കുന്നത്. അവിടെ വെച്ച് ഡി.ജെ ഉൾപ്പടെ പരിപാടികളുമായി പുതുവത്സരാഘോഷവും നടക്കും. ഒരു വ്യക്തിക്ക് 3,300 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. ഈ യാത്രയുടെ വിശദ വിവരങ്ങൾ അറിയുന്നതിന് 7012988534, 9995090216 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വാഗമണിലെ തണുപ്പിൽ ന്യൂ ഇയർ നൈറ്റ് ആസ്വദിക്കാവുന്ന തരത്തിലാണ് തിരുവനന്തപുരത്തു നിന്നുള്ള ട്രിപ്പ്. ഡിസംബർ 31ന് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, കൊട്ടാരക്കര വഴി പത്തനംതിട്ടയിൽ എത്തിച്ചേരും. ഇവിടെ നിന്നും റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം റൂട്ടിൽ വാഗമണിലെത്തും. വാഗമണിൽ തങ്ങൾപ്പാറ, ടാ ലേക്ക് ബോട്ടിംഗ്, മൊട്ടക്കുന്നുകൾ, തവളപ്പാറ എന്നിവയാണ് പ്രധാന ആകർഷകങ്ങൾ. രാത്രിയോടെ ഡി.ജെ പാർട്ടിയുൾപ്പെടുന്ന ക്യാമ്പ് ഫയറും ഭക്ഷണവും ഉണ്ടാകും. ജനുവരി ഒന്നിന് രാത്രി 11 മണിയോടെ തിരുവനന്തപുരം ഡിപ്പോയിലെത്തും. യാത്ര, ഓഫ് റോഡ് ജീപ്പ് സഫാരി, എൻട്രി ഫീസുകൾ, താമസം, ക്യാമ്പ് ഫയറും ഡി.ജെയും, നാല് നേരത്തെ ഭക്ഷണം എന്നിവ ചേർത്ത് ഒരാൾക്ക് 1,920 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങള്‍ക്ക് 9447005995, 9746865116, 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.