ഓണക്കാലത്ത് റെക്കോർ‍ഡ് വരുമാനം: ശബരിമല സീസണിലെ കളക്ഷൻ മറികടന്ന് കെഎസ്ആർടിസി

0
644

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർ‍ഡ് വരുമാനം. ഓണാവധിക്ക് ശേഷമുള്ള ആദ്യ ദിവസത്തെ (തിങ്കളാഴ്ച്ച) കളക്ഷൻ 8.79 കോടി രൂപയാണ്. ഈ വർഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.49 കോടി വരുമാനമെന്ന റെക്കോർ‍‍ഡാണ് ഇതോടെ മറികടന്നത്. ആഗസ്റ്റ് 26 മുതൽ ഒക്ടോബർ‍ 4 വരെയുള്ള ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇതിൽ അഞ്ച് ദിവസവും പ്രതിദിന വരുമാനം 7 കോടി രൂപ കടന്നു.

കൂടുതൽ ബസുകൾ നിരത്തിലിറക്കി പ്രതിദിനം 9 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാനാകാതെ വന്നതോടെ ഓണക്കാലത്ത്‌ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നു. ഇതോടെ ഓണം അവധിക്ക് രണ്ട് ദിവസം മുന്‍പാണ് മന്ത്രിമാരുടെ കൂടികാഴ്ചയ്ക്ക് ശേഷം ശമ്പളം വിതരണം ചെയ്തത്. 72 കോടി രൂപയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി കെഎസ്ആര്‍ടിസിക്ക് വേണ്ടത്.