ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പണമിടപാട് സംവിധാനം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ചലോപേ, വാലറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നൽകാം. യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും പണം നൽകാൻ ഉപയോഗിക്കാം. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ 90 സ്വിഫ്റ്റ് സിറ്റി സർക്കുലർ സർവീസ് ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓൺലൈനായി പണം നൽകി ടിക്കറ്റെടുക്കാൻ മാത്രമല്ല, ബസുകൾ നിലവിൽ എവിടെയെത്തി എന്ന് കാണിക്കുന്ന ലൈവ് ലൊക്കേഷൻ അറിയാനും ചലോ ആപ്പ് ഉപയോഗിക്കാം. കെ.ആർ.ഡി.സി.എല്ലുമായി സഹകരിച്ച് ചലോ മൊബിലിറ്റി സൊല്യൂഷൻസാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ടിക്കറ്റിന് 13.7 പൈസയാണ് പദ്ധതി നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് വരുന്ന ചെലവ്. പരീക്ഷണം കഴിഞ്ഞ് 4 മാസങ്ങൾക്ക് ശേഷം എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.