ഡീസൽ ബസുകൾ ഇലക്ട്രിക് മോഡിലേക്ക്:പുത്തൻ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി

0
240

പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ അനുവദിച്ചിരിക്കുന്നത്.

പ്രാരംഭ ഘട്ടത്തിൽ, പത്ത് വർഷം പഴക്കമുള്ള ഡീസൽ ബസുകൾ ഇ-വാഹനങ്ങളാക്കി മാറ്റാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. കുറഞ്ഞത് 1000 ബസുകളെങ്കിലും ഇ-വാഹനങ്ങളാക്കുകയാണ് ലക്ഷ്യം. 15 വർഷം പഴക്കമുള്ള ഡീസൽ ബസുകൾ ഉപേക്ഷിക്കുന്ന മുൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി, എഞ്ചിൻ മാറ്റി പുതിയ മോട്ടോർ, ബാറ്ററി, കൺട്രോൾ യൂണിറ്റ് എന്നിവ സ്ഥാപിച്ച് ഈ ബസുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്.


സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ ഇലക്ട്രിക് വാഹന നിർമാണകമ്പനി ഹിന്ദുസ്ഥാൻ ഇ.വി. മോട്ടോഴ്സിന് പുറമേ, വിദേശ പങ്കാളിത്തമുള്ള മൂന്നു കമ്പനികൾ ഡീസൽ ബസ്സുകളെ ഇലക്ട്രിക് ആക്കി മാറ്റാനുള്ള സന്നദ്ധതയറിയിച്ചു. പദ്ധതി രൂപരേഖ തയാറാക്കി നല്കാൻ കെ.എസ്.ആർ.ടി.സി ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.