സ്വകാര്യ ബസുകൾ കരാറിനെടുക്കാൻ കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടിക്കാൻ ബസുകൾ തികയാതെ വന്നതോടെയാണ് തീരുമാനം. ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സൂപ്പർ ക്ലാസ് സർവീസ് നടത്താൻ വേണ്ടത്ര ബസുകൾ തികയാത്ത അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ നിന്നും ഏറെ പേർ സഞ്ചരിക്കുന്ന ഈ റൂട്ടുകളിൽ വർധിച്ചു വരുന്ന ഡിമാൻഡ് പരിഗണിച്ചാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നത്.
ഉടൻ പെർമിറ്റ് ലഭിക്കുന്ന 24 റൂട്ടുകളിലേക്ക് ഡിസംബർ മുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നാണ് വിവരം. ബസുകളുടെ ഗുണനിലവാരം പരിശോധിച്ചതിന് ശേഷം ഡ്രൈവറെയും കണ്ടക്റ്ററെയുമുൾപ്പെടെയാണ് കരാർ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിലേക്ക് എടുക്കുക. ജീവനക്കാർക്കുള്ള യൂണിഫോം, ടിക്കറ്റ് യന്ത്രം എന്നിവ കെ.എസ്.ആർ.ടി.സി. നൽകും.
എറണാകുളത്തുനിന്ന് പോണ്ടിച്ചേരി, മധുര, ചെന്നൈ, സുള്ള്യ, വേളാങ്കണ്ണി, സേലം, മണിപ്പാൽ, കൊല്ലൂർ എന്നിവിടങ്ങളാണ് റൂട്ടുകളായി പരിഗണിച്ചിട്ടുള്ളത്. കാസർഗോഡു നിന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തൃശൂരിൽനിന്ന് സേലം വഴി ബെംഗളൂരുവിലേക്കും ഗൂഡല്ലൂർ വഴി ബെംഗളൂരുവിലേക്കും റൂട്ടുണ്ട്. എറണാകുളം കൂടാതെ പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ, മൂന്നാർ, പാല, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരു സർവീസ് ഉണ്ടാകും. ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്കും പത്തനംതിട്ടയിൽ നിന്നും മൈസൂരുവിലേക്കും കണ്ണൂരിൽ നിന്നും മധുരയിലേക്കും സർവീസ് തുടങ്ങും.