കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂളുകൾ വരുന്നു:പരിശീലന കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസ് ടെസ്‌റ്റും

0
518

സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഡ്രൈവിങ് പരിശീലനവും ലൈസൻസിനുള്ള ടെസ്‌റ്റും കുറഞ്ഞ ചെലവിൽ നടത്തുന്ന തരത്തിൽ സ്‌കൂളുകൾ തുടങ്ങാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങും. കാറും ജീപ്പും തുടങ്ങി ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവിടെ ചേരാം. കെഎസ്ആർടിസിയിലെ ഡ്രൈവർമാരായിരിക്കും പരിശീലനം നൽകുക. പരിശീലന കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസിനുള്ള ടെസ്‌റ്റും നടത്തും. പരിശീലനം മുതൽ ലൈസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിൻറെ വാഗ്ദാനം.

പുതുക്കിയ ഡ്രൈവിങ് ടെസ്‌റ്റ് തുടങ്ങുന്ന ഏപ്രിൽ 1 ന് മുൻപ് പദ്ധതി നടപ്പാക്കും. ഇതിനായി വിശദ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തി. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.