കേരളത്തനിമയും നാടൻരുചിയും നിലനിറുത്തുന്ന പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളുമായി കുടുംബശ്രീയുടെ ‘അമൃതം കർക്കടകം’ മേളയ്ക്ക് സംസ്ഥാനമൊട്ടാകെ തുടക്കമായി. ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് അഞ്ചു മുതൽ ഏഴു ദിവസം വരെ നീളുന്ന മേള. കാസർകോട്, വയനാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ മേള ആരംഭിച്ചു. മറ്റു സ്ഥലങ്ങളിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.
ഔഷധക്കഞ്ഞികൾ, പത്തിലക്കറികൾ, കൊഴുക്കട്ട, പത്തിലപ്പുഴുക്ക്, പായസം, ചെറുപയർ പുഴുക്ക്, നെല്ലിക്ക ചമ്മന്തി, ചുക്ക് കാപ്പി, മരുന്നുണ്ടകൾ, ഔഷധക്കൂട്ട് തുടങ്ങിയ വൈവിദ്ധ്യമുള്ള വിഭവങ്ങൾ മേളയിൽ ലഭ്യമാണ്.
വീടുകളിൽ നിന്ന് ശേഖരിച്ച ഇലകൾ ഉപയോഗിച്ചാണ് കറികളും കൂട്ടുകളും തയ്യാറാക്കുന്നത്. ഇലക്കറികൾ പ്രോത്സാഹിപ്പിക്കാൻ മൈക്രോ ഗ്രീൻ കൃഷി രീതിയിലൂടെ വികസിപ്പിച്ചെടുത്ത ഇലകളാണ് കാസർകോട് കുടുംബശ്രീ വിളമ്പുന്നത്.
ജില്ല ആയുർവേദ ആശുപത്രികളിലെ വിദഗ്ദ്ധരുമായി ചേർന്നാണ് കുടുംബശ്രീ കഞ്ഞിക്കൂട്ട് തയ്യാറാക്കിയത്. മരുന്നുകഞ്ഞി, ഉലുവാക്കഞ്ഞി, ജീരകക്കഞ്ഞി, പാൽക്കഞ്ഞി, നെയ്‌ക്കഞ്ഞി എന്നിവക്കൊപ്പം പത്തില കൂട്ടിന്റെ കറിയും നെല്ലിക്ക ചമ്മന്തിയും ഉണ്ട്. കുടുംബശ്രീ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനവും മേളയിലുണ്ട്.
മൂന്നു വർഷം മുമ്പാണ് സംസ്ഥാനമാകെ കർക്കടകമേളയ്ക്ക് കുടുംബശ്രീ തുടക്കം കുറിച്ചത്. കുടുംബശ്രീ മാസച്ചന്തകളുമായി സഹകരിച്ചാണ് മേള നടത്തുന്നത്. കഴിഞ്ഞ വർഷം കർക്കടകമേളയിൽ 50 ലക്ഷം രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഇത്തവണ കൂടുതൽ പ്രതീക്ഷിക്കുന്നു.