കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ:തരംഗമായി ‘വനസുന്ദരി’

0
629

കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ. നവംബർ 1 മുതൽ 7 വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീയുടെ വനിതാ സംരംഭകർ നേടിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ടിരുന്ന ഫുഡ് കോർട്ടിൽ നിന്ന് 87.99 ലക്ഷം രൂപയും ഉത്പന്ന പ്രദർശന വിപണന മേളയിൽ നിന്ന് 48.71 ലക്ഷം രൂപയും ലഭിച്ചു. കേരളീയത്തിന്റെ അവസാന ദിവസമായ നവംബർ ഏഴിനാണ് ഫുഡ്കോർട്ടിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ.


പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ചിക്കൻ വിഭവമാണ് ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത്. 15.63 ലക്ഷമാണ് വനസുന്ദരിയിലൂടെ സംരംഭകർ സ്വന്തമാക്കിയത്. വനസുന്ദരിക്ക് പുറമെ അട്ടപ്പാടിയിലെ മുളയരി പായസം, സോലെ മിലൻ, ഊര് കാപ്പി എന്നിവയും മേളയിൽ തിളങ്ങി. സോലെ മിലനും ചിക്കൻ വിഭവമാണ്. അട്ടപ്പാടിയുടെ തനത് രുചിക്കൂട്ടുകൾ ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്.

കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന പതിനാല് കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂർവ അവസരമാണ് കുടുംബശ്രീയുടെ ഫുഡ് കോർട്ട് ഒരുക്കിയത്.