കുടുംബശ്രീ സ്ത്രീശക്തിയുടെ കൂട്ടായ്മ: ഷൈലജ സുരേന്ദ്രന്‍

0
92

കാല്‍വരിമൗണ്ട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ വനിത വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ഷൈലജ സൂരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇന്ന് സ്ത്രീ ശക്തിയുടെ കൂട്ടായ്മയായി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ എല്ലാ മേഖലകളിലും വളര്‍ച്ച കൈവരിക്കാന്‍ സ്ത്രീകള്‍ക്ക് സാധ്യമായി. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമപ്പുറം സ്ത്രീകളിലേക്ക് വരുമാനമെത്തിക്കുവാനും കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബങ്ങളിലുണ്ടായ സാമ്പത്തിക മാറ്റം സമൂഹത്തിലും പ്രതിഫലിച്ചു. സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കാനും കുടുംബശ്രീയിലൂടെ സാധ്യമായി. സ്ത്രീധനം, അന്ധവിശ്വാസം തുടങ്ങി സമൂഹത്തിലെ മാമൂലുകളെ പറിച്ചെറിയാന്‍ സ്ത്രീകള്‍ ഇനിയും മുന്നോട്ട് വരേണ്ടതുണ്ട്. സ്ത്രീധനം ദുരിതപൂര്‍ണ ജീവിതങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നും പക്ഷെ സ്ത്രീധന സമ്പ്രദായങ്ങള്‍ക്ക് എറ്റവുമധികം കൂട്ടുനില്‍ക്കുന്നത് സ്ത്രീകളാണെന്നും അവര്‍ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍, സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍, സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി വിവിധ പദ്ധതികളുടെ വിഷയാവതരണം സ്‌നേഹിത കൗണ്‍സിലര്‍ വിനോജി ടി കെ നടത്തി.
കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സോണി ചൊള്ളാമഠം സെമിനാറിന് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ആലീസ് വര്‍ഗീസ്, സെമിനാര്‍ കമ്മിറ്റി കണ്‍വീനര്‍ മോളിക്കുട്ടി ജെയിംസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു എന്നിവര്‍ സംസാരിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ റീന സണ്ണി, ഷേര്‍ളി ജോസഫ്, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ എന്‍.വി ജോര്‍ജ്, എ. ജോസ്, ശിവദാസ് സി.കെ, സിബി കാരയ്ക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.