സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയ്‌ക്കെതിരെയും വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. തലസ്ഥാനത്ത് കടകളടച്ച് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും മറ്റ് നിരക്ക് വര്‍ധനകളും നിലവില്‍ വരുന്നതോടെ കേരളത്തിലെ വ്യാപാര മേഖല തകരുമെന്നും വ്യാപാരികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ സെസ് വലിയ വിലക്കയറ്റത്തിനിടയാക്കും. കെട്ടിക്കിടന്ന മരുന്ന് വിറ്റൊഴിവാക്കാനുള്ള ഉപാധിയാക്കി ഹെല്‍ത്ത് കാര്‍ഡ് പരിശോധന മാറ്റി. ഹരിതകര്‍മ സേനയെ ഉപയോഗിച്ച് കടകളില്‍നിന്ന് പണം പിരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. രണ്ട് ലക്ഷത്തില്‍ കൂടുതലുള്ള സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. അല്ലാത്തപക്ഷം സ്ത്രീകള്‍ക്ക് സ്വര്‍ണം ധരിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, പെരിങ്ങമ്മല രാമചന്ദ്രന്‍, കുഞ്ഞാവു ഹാജി, എം.കെ. തോമസ് കുട്ടി, അഹമ്മദ് ഷരീഫ്, കെ.കെ. വാസുദേവന്‍, അബ്ദുല്‍ ഹമീദ്, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്‍, ദേവരാജന്‍, സണ്ണി പൈമ്ബള്ളി, ബാബു കോട്ടയില്‍, വി.എം. ലത്തീഫ്, ബാപ്പുക്ക റിയാസ്, സബീല്‍ രാജ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വൈ. വിജയന്‍, ട്രഷറര്‍ ധനീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.