കൂണ്‍ കോഫി അഥവാ മഷ്‌റൂം കോഫി എന്ന നൂതന സംരംഭം ആരംഭിച്ച് മാസങ്ങള്‍ കഴിയും മുന്‍പ് വിദേശ വിപണിയിലേക്ക് ചുവടുവയ്പ്പിനൊരുങ്ങുകയാണ് ലാലു തോമസ്. ലാലുവിന്റെ ലാബേ മഷ്‌റൂം കോഫി പൗഡര്‍ യു.എ.ഇ മാര്‍ക്കറ്റിലും ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങിയിരിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ലാലു തോമസിന്റെ ഉല്‍പ്പന്നമായ ലാബേ മഷ്‌റൂം കോഫി പൗഡര്‍ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ വച്ച് ലോഞ്ച് ചെയ്തത്. ഇതിന്റെ കയറ്റുമതിക്ക് കോഫി ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു.
കൊച്ചിയിലെ മഹാസംഗമത്തില്‍ കോഫിബോര്‍ഡിന്റെ എക്‌സിബിഷനില്‍ ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കാനായതോടെ വളരെ പെട്ടെന്നുതന്നെ കയറ്റുമതിക്ക് ധാരണയില്‍ എത്താന്‍ സാധിച്ചു. കാപ്പിക്കുരുവും കൂണും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലാബേ മഷ്‌റൂം കോഫീ കേരളത്തില്‍ ഈ ഗണത്തിലുള്ള ആദ്യ സംരംഭമായിരുന്നു. അടുത്തമാസം പതിനഞ്ചോടെ ഉല്‍പന്നം യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസിയായിരുന്ന ലാലുവിന് സംരംഭം ആരംഭിക്കുന്നതിനായി 35 ശതമാനം സബ്‌സിഡിയും വായ്പയും ലഭിച്ചിരുന്നു. മാര്‍ക്കറ്റിങ് ടെക്‌നോളജിയില്‍ പരിശീലനവും ലഭിച്ചു. വിവിധതരം കൂണും വയനാട്ടിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന ഗുണമേന്മയേറിയ അറബിക്ക കാപ്പിക്കുരുവുമാണ് കോഫി പൗഡര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
കേരളത്തിന്റെ യശസ്സുയര്‍ത്തി മഷ്‌റൂം കോഫീ പൗഡര്‍ കടല്‍ കടക്കുമ്പോള്‍ ഈ സംരംഭകന്റെ കഠിനാധ്വാനത്തിന് കൈയടിച്ചേ മതിയാകൂ.