ബജറ്റിലെ വമ്പൻ പദ്ധതി:എങ്ങനെ ‘ലക്ഷാധിപതി ദീദി’കളാകാം

0
115

സംരംഭകത്വത്തിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. 3 കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കുമെന്നാണ് 2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ലഖ്പതി ദീദികളായാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? കൂടുതൽ അറിയാം.

സ്വയംസഹായ സംഘങ്ങളിൽ (SHG’s) അംഗങ്ങളായ സ്ത്രീകൾക്കാണ് ലഖ്പതി ദീദി സ്കീമിന്റെ നേട്ടം ലഭിക്കുക. സംരംഭകത്വ നൈപുണ്യം (Entrepreneurial Skills) വികസിപ്പിക്കുന്നതിന് വിവിധ പരിശീലന പരിപാടികളാണ് സ്കീമിന് കീഴിൽ സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അവർക്ക് കുടുംബത്തിന് വേണ്ടി പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം നേടാനാകും. നിലവില്‍ ഒരു കോടിയോളം സ്ത്രീകളാണ് പദ്ധതിക്ക് കീഴിലുള്ളത്. ഒമ്പത് കോടി സ്ത്രീകളുള്ള 83 ലക്ഷം സ്വയം സഹായസംഘങ്ങള്‍ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ശാക്തീകരിച്ചതിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ബജറ്റിംഗ്, നിക്ഷേപം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകും. ലഖ്പതി ദീദി പദ്ധതിയ്ക്ക് കീഴിൽ, സംരംഭകത്വ വ്യവസായത്തിനും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും സ്ത്രീകൾക്ക് ചെറിയ വായ്പകളും നൽകും.


ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ വാലറ്റുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് സ്ത്രീകളെ പരിശീലിപ്പിക്കും. കൂടാതെ എൽഇഡി ബൾബുകളുടെ നിർമാണം, പ്ലംബിംഗ്, ഡ്രോൺ റിപ്പയറിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പുറമെ, വിവിധ ശാക്തീകരണ പരിപാടികളിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലഖ്പതി സ്കീമിൽ ചേരാൻ താത്പര്യമുള്ള സ്ത്രീകൾ മതിയായ രേഖകളുമായി അടുത്തുള്ള അങ്കണവാടികളെ സമീപിച്ചാൽ മതി.

ആവശ്യമായ രേഖകൾ

ആധാർ കാർഡ്
പാൻ കാർഡ്
തിരിച്ചറിയൽ രേഖ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
വരുമാന സർട്ടിഫിക്കറ്റ്
പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
ഇമെയിൽ ഐഡി