81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നെന്ന് യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റിയുടെ റിപ്പോർട്ട്. പേര്, ഫോൺ നമ്പറുകൾ, മേൽവിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ഡാര്‍ക്ക് വെബിൽ ലഭ്യമാണെന്നാണ് വിവരം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നാണ് സൂചന.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാ ബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് വിവരം. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോർന്നതായി സ്ക്രീൻ ഷോട്ടുകളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള ഏജന്‍സിയാണ് റെസെക്യൂരിറ്റി. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അവയുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തിയെന്നാണ് സൂചന. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയും ഡാറ്റ ചോര്‍ച്ചയെ കുറിച്ച് ഐസിഎംആറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.