രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:എസ്.ബി.ഐയെ കടത്തിവെട്ടി എൽ.ഐ.സി

0
173

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം സ്വന്തമാക്കി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (LIC). രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയെ ആണ് എൽ.ഐ.സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിൽ 5.70 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ വിപണിമൂല്യം. എസ്.ബി.ഐയുടെ വിപണിമൂല്യം 5.60 ലക്ഷം കോടി രൂപയും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വർധനയാണ് എൽ.ഐ.സി ഓഹരികളിലുണ്ടായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 27 ശതമാനവും 6 മാസത്തിനിടെ 45 ശതമാനവും വളർച്ചയാണ് എൽ.ഐ.സി ഓഹരികൾ കൈവരിച്ചത്. 2022 മേയ് 17നായിരുന്നു എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വിൽപന (IPO). ‘ജീവൻ ഉത്സവ്’ ഉൾപ്പെടെ അടുത്തിടെ പുറത്തിറക്കിയ പുതിയ ഇൻഷ്വറൻസ് സ്‌കീമുകളുടെ സ്വീകാര്യതയും എൽ.ഐ.സി ഓഹരികളുടെ കുതിപ്പിന് കാരണമായിട്ടുണ്ട്.