കുട്ടികളുടെ പഠനചിലവ് കണ്ടെത്താം:അമൃത് ബാൽ പോളിസിയുമായി എൽ.ഐ.സി

0
130

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ പോളിസിയുമായി എൽ.ഐ.സി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണ് അമൃത് ബാൽ പോളിസി. 30 ദിവസം മുതൽ 13 വയസുവരെ പ്രായമുള്ള കുട്ടികളുടെ പേരിൽ പോളിസിയെടുക്കാം. 18 വയസിനും 25 വയസിനുമിടയിൽ പോളിസി കാലാവധി പൂർത്തിയാകുന്ന വിധത്തിലാണ് ക്രമീകരണം.

അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ പരിമിത കാലത്തേക്കോ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം. ഒറ്റത്തവണ പ്രീമിയത്തിന് ചുരുങ്ങിയത് അഞ്ച് വർഷമാണ് പോളിസി കാലാവധി. പരമാവധി 25 വർഷവും. രണ്ട് ലക്ഷം രൂപയാണ് കുറഞ്ഞ അഷ്വറൻസ് തുക. ഉയർന്ന പരിധിയില്ല. കാലാവധിയെത്തുമ്പോൾ പ്രാബല്യത്തിലുള്ള പോളിസിക്ക് അഷ്വറൻസ് തുകയും സുനിശ്ചിത വർധനയും ചേർന്ന തുക ലഭിക്കും. ഇത് 5, 10, 15 വർഷ തവണകളായും വാങ്ങാം. ഓരോ പോളിസി വർഷം കഴിയുമ്പോഴും 1,000 രൂപയ്ക്ക് 80 രൂപയെന്ന ക്രമത്തിലുള്ള ഗ്യാരണ്ടി അഡീഷനാണ് പോളിസിയുടെ പ്രത്യേകത. പോളിസി കാലാവധി തീരും വരെ ഇത് തുടരും. നിബന്ധനകൾക്ക് വിധേയമായി പോളിസി കാലാവധിക്കുള്ളിൽ വായ്‌പയുമെടുക്കാം.