കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍കാ റൂട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വായ്പ അനുവദിയ്ക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മദ്ധ്യേ 66 പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നല്‍കുന്ന വായ്പയുടെ 15% ബാക്ക് എന്റഡ് സബ്‌സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ 4 വര്‍ഷ കാലത്തേക്ക് 3% പലിശ സബ്‌സിഡിയായും നോര്‍ക്ക റൂട്ട്‌സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പകള്‍ നല്‍കുക. 3.50 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 5 ലക്ഷം രൂപയും, അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 10 ലക്ഷം രൂപയും, 10 മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍ തിരിച്ചടക്കുന്നവര്‍ക്ക്, നോര്‍ക്ക സബ്‌സിഡി പരിഗണിക്കുമ്പോള്‍ വായ്പയുടെ പലിശ നിരക്ക് 4% മുതല്‍ 6% വരെയും, തിരിച്ചടവ് കാലയളവ് 5 വര്‍ഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷകര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങള്‍ ഹാജരാക്കേണ്ടതാണ്. നോര്‍ക്കാ റൂട്ട്‌സിന്റെ പരിശോധനക്കു ശേഷമായിരിക്കും കോര്‍പ്പറേഷന്‍ തുടര്‍ന്ന് വായ്പക്കായി പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 232365, 9400068506.