പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. നൂറു കോടി ഡോളർ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ ലുലുവിന്റെ പ്രധാന ബിസിനസായിരിക്കും ഐ.പി.ഒയിൽ ലിസ്റ്റ് ചെയ്യുകയെന്നാണ് വിവരം. ഈ വർഷം രണ്ടാം പകുതിയോടെ ഐപിഒ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. പ്രവാസി മലയാളികളിൽ നിന്ന് വലിയ പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തൽ. ഏകദേശം 800 കോടി ഡോളറാണ് (65,600 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ വരുമാനം. 26 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ 70,000ത്തിലധികം ജീവനക്കാരുണ്ട്.