61,000 കോടി:മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം സർവകാല റെക്കോഡിൽ

0
161

മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ വർധന. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കുപ്രകാരം, 2023 ഡിസംബറിൽ മ്യൂച്വൽഫണ്ടുകളിലെ മലയാളി നിക്ഷേപം 61,281.98 കോടി രൂപയെന്ന സർവകാല റെക്കോഡ് ഉയരത്തിലെത്തി. ഇത് ആദ്യമായാണ് മലയാളി നിക്ഷേപം 60,000 കോടി രൂപ കടന്നത്. 2023 ഒക്ടോബറിൽ 55,470 കോടി രൂപയും, നവംബറിൽ 58,465 കോടി രൂപയുമായിരുന്നു നിക്ഷേപം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മ്യൂച്വൽഫണ്ടുകളിലെ മലയാളികളുടെ മൊത്തം നിക്ഷേപം ഇരട്ടിയോളം വർധിച്ചുവെന്നാണ് ആംഫിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ഡിസംബറിലെ 31,719 കോടി രൂപയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ നിക്ഷേപം 61,281 കോടി രൂപയായി ഉയർന്നു. 2022 ഡിസംബറിൽ 48,233 കോടി രൂപയായിരുന്നു നിക്ഷേപം.

മ്യൂച്വൽഫണ്ടുകളിൽ മലയാളികൾ ഏറ്റവുമധികം പണം നിക്ഷേപിക്കുന്നത് ഇക്വിറ്റി ഫണ്ടുകളിലാണ്. കഴിഞ്ഞമാസം 43,477 കോടി രൂപയാണ് ഇക്വിറ്റി ഫണ്ടുകളിലേക്ക് മലയാളികൾ നിക്ഷേപിച്ചത്. 6,998 കോടി രൂപ നിക്ഷേപം നേടിയ ഡെബ്റ്റ് ഫണ്ടുകളാണ് രണ്ടാമത്.