തൃശൂർ സ്വദേശി മനോജ് ചാക്കോ നയിക്കുന്ന ‘ഫ്ളൈ91’ (Fly91) വിമാനക്കമ്പനിക്ക് സർവീസുകൾ ആരംഭിക്കാൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റാണ് (ADC) കമ്പനി സ്വന്തമാക്കിയത്. കിംഗ്‌ഫിഷർ എയർലൈൻസിൻ്റെ മുൻ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്.
ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടിശ്വരൻ പ്രേംവത്സ നയിക്കുന്ന ഫെയർഫാക്സിൻ്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ജസ്റ്റ് ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്‌ളൈ91 പ്രവർത്തിക്കുക.മുഖ്യ നിക്ഷേപകരായ ഹർഷയുടെ കൺവെർജൻ്റ് ഫിനാൻസ് 200 കോടി രൂപ പ്രാഥമിക മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഇന്ത്യയിലെ ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന കേന്ദ്രസർക്കാരിൻ്റെ ‘ഉഡാൻ’ പദ്ധതിയുടെ ഭാഗാമായാണ് ഫ്ളൈ91 സർവീസുകൾ നടത്തുക. ഇന്ത്യയുടെ ടെലഫോൺ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് പേരിൽ 91 ചേർത്തിരിക്കുന്നത്.
ഗോവ, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ നന്ദേഡ്, സിന്ദുദുർഗ്, ജൽഗാവ് തുടങ്ങിയ നഗരങ്ങളാകും ഫ്‌ളൈ91ൻ്റെ പട്ടികയിലുണ്ടാവുക. 45-92 മിനിട്ട് ദൈർഘ്യമുള്ളതായിരിക്കും സർവീസുകൾ. ടിക്കറ്റ് വിൽപന വൈകാതെ ആരംഭിക്കും. ഗോവയിലെ മനോഹർ ഇൻ്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും ഫ്ളൈ91 പ്രവർത്തിക്കുക. ഐ.സി (IC) എന്നായിരിക്കും ഫ്ളൈ91ന്റെ കോഡ്. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആർ 72-600 വിമാനങ്ങളാണ് ഫ്‌ളൈ91 ഉപയോഗിക്കുക.