ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാൻ മലേഷ്യ. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് തായ്ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ മലേഷ്യയും വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.
ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ താമസിക്കാം. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുക. ഇന്ത്യൻ പൗരന്മാർക്കൊപ്പം ചൈനീസ് പൗരന്മാർക്കും ഡിസംബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലേഷ്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ കൂടുതലും ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ്.
സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 9.16 ദശലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യയിൽ എത്തിയത്. ചൈനയിൽ നിന്ന് 498,540 പേരും, ഇന്ത്യയിൽ നിന്ന് 283,885 പേരും. കോവിഡിന് മുമ്പ് 2019 ൽ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷം സഞ്ചാരികളും, ഇന്ത്യയിൽ നിന്ന് 354,486 പേരുമാണ് മലേഷ്യ സന്ദർശിച്ചത്.