സെപ്റ്റംബർ പാദത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയും അറ്റാദായവും റിപ്പോർട്ട് ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാവായ മാരുതി സുസുക്കി. പിന്നാലെ കമ്പനിയുടെ ഓഹരി വില 10,846.10 രൂപ എന്ന റെക്കോർഡിലെത്തി. പിന്നീട് 10,536.50 രൂപയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. 552,055 കാറുകളാണ് ഈ പാദത്തിൽ മാരുതി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിൽ 482,731 വാഹനങ്ങൾ വിൽക്കുകയും 69,324 കാറുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു.
വിൽപ്പന ഉയർന്നതോടെ സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് മുൻ വർഷം ഇതേ കാലയളവിലെ 28,543 കോടി രൂപയിൽ നിന്ന് 35,535 കോടി രൂപയായി. അവലോകന പാദത്തിൽ 3,716.5 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 2,061.5 കോടി രൂപയായിരുന്നു. 80.28 ശതമാനമാണ് വളർച്ച. പുതിയ എസ്.യു.വികളുടെ വരവും, ചെറിയ കാറുകൾക്കുണ്ടായ വിലക്കുറവുമാണ് മികച്ച വിൽപ്പനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.