മേരാ യുവ ഭാരത് (MY ഭാരത്) എന്ന സ്വയംഭരണ സ്ഥാപനത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കളുടെ ക്ഷേമവും അവരിലൂടെ രാജ്യത്തിന്റെ വികസനവുമാണ് മേരാ യുവ ഭാരത് എന്ന സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുവജന വികസനത്തിനായുള്ള ഒരു സര്‍ക്കാര്‍ സംവിധാനം എന്നതാണ് മേരാ യുവ ഭാരതിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന് കീഴില്‍ രാഷ്ട്രത്തിന്റെ വികസനത്തിനായി യുവാക്കളുടെ ശക്തിയെ വിനിയോഗിക്കും.
യുവാക്കള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇടയില്‍ ഒരു ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കേന്ദ്രീകൃത യുവജന ഡേറ്റാ ബേസും സൃഷ്ടിക്കും.രാജ്യത്തെ ദേശീയ യുവജന നയത്തിലെ ‘യുവജനം’ എന്ന നിര്‍വചനത്തില്‍ വരുന്ന 15-29 വയസ് പ്രായമുള്ള യുവാക്കള്‍ക്ക് സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത് പ്രയോജനപ്പെടും. ഇതിന്റെ ഭാഗമായി 10-19 വയസ് പ്രായമുള്ള കൗമാരക്കാര്‍ക്കായി പ്രത്യേക പദ്ധതികളും നടപ്പാക്കും. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികമായ ഒക്ടോബർ 31ന് സ്ഥാപനം രാജ്യത്തിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.