ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയില്‍ ഇക്കുറി സെലിബ്രിറ്റികള്‍ അണിനിരന്ന റെഡ് കാര്‍പ്പറ്റ നിര്‍മിച്ചത് ആലപ്പുഴയിലെ നാല്‍പതു തൊഴിലാളികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സംഭവം സത്യമാണ്, ഇത്തവണ മെറ്റ്ഗാലയില്‍
പാകിയിരിക്കുന്ന അതിമനോഹരമായ കാര്‍പ്പറ്റ് നിര്‍മ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തില്‍ നിന്നുള്ള സംരംഭമായ ‘എക്‌സ്ട്രാവീവ്’ ആണ്.
58 റോളുകളായി ഏകദേശം 7000 സ്‌ക്വയര്‍ മീറ്റര്‍ കാര്‍പ്പറ്റാണ് മെറ്റ്ഗാല 2023നായി എക്‌സ്ട്രാവീവ്‌സ് നിര്‍മ്മിച്ചുനല്‍കിയത്. അമേരിക്കയില്‍ തന്നെയുള്ള ഫൈബര്‍ വര്‍ക്ക്‌സ് കമ്പനി വഴിയാണ് കേരളത്തിലേക്ക് ഈ ഓര്‍ഡര്‍ ലഭിച്ചത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനര്‍മാരുമായി സഹകരിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷന്‍ ഇവന്റ് ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. അന്തരിച്ച പ്രശസ്ത ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിന് ആദരമര്‍പ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലര്‍ത്തുന്ന രീതിയിലാണ് കാര്‍പ്പറ്റും ഒരുക്കിയിരുന്നത്. 40 തൊഴിലാളികള്‍ 70 ദിവസം കൊണ്ട് ആലപ്പുഴയില്‍ നെയ്‌തെടുത്ത കാര്‍പ്പറ്റുകള്‍ ലോകത്തിന്റെയാകെ മനംകവര്‍ന്നുവെന്നതില്‍ സംശയമില്ല. വൂള്‍ കാര്‍പ്പറ്റുകളില്‍ നിന്ന് മാറിയതിന് ശേഷം ഇത്തവണ സൈസില്‍ ഫാബ്രിക്‌സാണ് കാര്‍പ്പറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് ഇപ്പോള്‍ മെറ്റ്ഗാലയിലൂടെയും കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.