മൈക്രോസോഫ്റ്റിന് നേരെ റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം:ഇമെയിലുകൾ ഹാക്ക് ചെയ്തു

0
352

റഷ്യൻ ഹാക്കർമാർ ജീവനക്കാരുടെ ഇമെയിലുകൾ ഹാക്ക് ചെയ്‌തെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ കോർപ്പറേറ്റ് നെറ്റ് വർക്കിൽ പ്രവേശിച്ച ഹാക്കർമാർ സൈബർ സെക്യൂരിറ്റി, ലീഗൽ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ കുറച്ച് പേരുടെ ഇമെയിൽ ഐഡികൾ കൈക്കലാക്കിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നെറ്റ് വർക്കിൽ തടസം നേരിട്ടേക്കുമെന്നും കമ്പനി അറിയിച്ചു.

മിഡ്‌നൈറ്റ് ബ്ലിസാർഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കർ സംഘം മൈക്രോസോഫ്റ്റിന്റെ സോഴ്സസ്കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവില്ല. ‘ നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്ന ഇവർ റഷ്യൻ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. നവംബറിലാണ് മൈക്രോസോഫ്റ്റിന്റെ കംപ്യൂട്ടർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാൻ ഹാക്കർനാർ ‘പാസ് വേഡ് പ്രേ’ ആക്രമണം ആരംഭിച്ചത്. ഇത് ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നും അറിയപ്പെടുന്നു. കോർപ്പറേറ്റ് അക്കൗണ്ടുകൾ കയ്യടക്കുന്നതിന് പ്രത്യേക യുസർനെയിമുകളിൽ നിരവധി പാസ് വേഡുകൾ അതിവേഗം ഉപയോഗിക്കുന്ന രീതിയാണ് പാസ് വേഡ് പ്രേ.

അക്കൗണ്ടുകൾക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാൻ ഹാക്കർമാർക്ക് കഴിയും. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും മുൻകരുതൽ സ്വീകരിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനി. ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെർവറിലേക്കോ ഹാക്കർമാർ കടന്നിട്ടില്ലാത്തതിനാൽ ആക്രമണം ഉത്ന്നങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ല. മുമ്പും പലതവണ മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്.