ജോലി ചെയ്യുക മാത്രമല്ല ജീവിതലക്ഷ്യം:ആഴ്ചയിൽ മൂന്ന് ദിവസം മതി ജോലിയെന്ന് ബിൽ ഗേറ്റ്സ്

0
273

ഒരു വ്യക്തിയുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അതിനാൽ ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യുന്ന ഒരു സമൂഹം ഉണ്ടാകുകയാണെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് നിർമ്മിത ബുദ്ധി (എ.ഐ) മനുഷ്യനെ സഹായിക്കും. എ.ഐയുടെ വിവിധ സാധ്യതകളെക്കുറിച്ച് സംസാരിച്ച ബിൽ ഗേറ്റ്സ് എ.ഐ മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നും മറിച്ച് ഭാവിയിൽ ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പറഞ്ഞു. കൂടുതൽ ക്രിയാത്മകമായ ജോലികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രോഗ്രാമിംഗ്, ടെസ്റ്റിംഗ്, ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഉത്പ്പാദനക്ഷമത വർധിപ്പിക്കാനുള്ള എ.ഐയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. പ്രൊസസ്സിംഗ് ആപ്ലിക്കേഷനുകൾ ഓഫീസ് ജോലികൾ ഇല്ലാതാക്കുകയല്ല മറിച്ച് അവ എളുപ്പമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക, ഡീപ് ഫേക്ക്, സുരക്ഷാ ഭീഷണികൾ, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തുടങ്ങി എ.ഐ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എന്നാൽ ഈ അപകടസാധ്യതകൾ സമൂഹത്തിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.