ഇനി കേരളം മുഴുവൻ ഹെലികോപ്റ്ററിൽ ചുറ്റാം:ഹെലി ടൂറിസത്തിന് തുടക്കമായി

0
417

പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിന്റെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ഹെലി ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റും മന്ത്രി പുറത്തിറക്കി. വിവിധ ഹെലി ഓപ്പറേറ്റർമാർ നൽകുന്ന പാക്കേജുകൾ, ട്രിപ്പുകളുടെ വിവരങ്ങൾ, ബുക്കിംഗ് ഉൾപ്പെടെയുള്ളവ സൈറ്റിലുണ്ടാകും.

വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും കേരളത്തിന്റെ കാഴ്‌ചകൾ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പാക്കുന്നത്. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപാഡുകൾ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യത്താദ്യമായി സംസ്ഥാന സർക്കാർ ഹെലി ടൂറിസം നയം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പ്രവർത്തന സജ്ജമായ ഹെലിപാഡുകൾ കോർത്തിണക്കി കൊണ്ടുള്ള സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, അടക്കമുള്ളവയുടെ പൂർണ ഉത്തരവാദിത്തം സർവീസ് നടത്തുന്ന ഏജൻസികൾക്കായിരിക്കും.