കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലയിലെ മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം ലഭിച്ച കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ പിടിഎയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ഹൈസ്ക്കൂൾ കെട്ടിടം പൂർത്തീകരിക്കുന്നതിന് വേണ്ട ഇടപെടൽ എത്രയും വേഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസപുരോഗതിയാണ് ഒരു നാടിന്റെ സംസ്കാരത്തിന്റെയും വികസനത്തിന്റെയും അടിത്തറ. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും സ്പോർട്സ് അദ്ധ്യാപകൻ ടിബിൻ ജോസഫിനെയും യോഗത്തിൽ അനുമോദിച്ചു.
കട്ടപ്പന നഗരസഭ വാർഡ് കൗൺസിലർ ഷാജി കൂത്തോടി, ധന്യ അനിൽ, എസ് എം സി ചെയർമാൻ മനോജ് പതാലിൽ, സ്കൂൾ പ്രിൻസിപ്പാൾ മിനി ഐസക്, എച്ച് എം ശാരദാദേവി, മുൻ പിടിഎ പ്രസിഡന്റ് ജേക്കബ് ജോസ്, അധ്യാപകർ, മറ്റ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.