സംസ്ഥാനത്ത് കാലത്തിന് അനുസൃതമായ വ്യവസായ അന്തരീക്ഷം ഒരുക്കും: മുഖ്യമന്ത്രി

Related Stories

മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ‘മിഷന്‍ 1000’ എറണാകുളം, ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും നൂതനാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുമാണ് ശ്രമിക്കുന്നത്. അത് വഴി സുസ്ഥിര വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന ആക്ഷേപമുണ്ടായിരുന്നു. നിക്ഷേപകരല്ല, പകരം നാടിനെ ഇകഴ്ത്തി കാണിക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് ഇതിന് പിന്നില്‍. എന്നാല്‍ കേരളത്തിലേക്ക് ബഹുരാഷ്ട കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടു വന്നു.
ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ സംശയിച്ചവരുണ്ടായിരുന്നു, എന്നാല്‍ എട്ട് മാസം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തിയായി. പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള 1000 സംരംഭങ്ങളെ തെരഞ്ഞെടുത്ത് 4 വര്‍ഷം കൊണ്ട് ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയര്‍ത്തി കൊണ്ടുവരുന്ന പദ്ധതിയാണ് മിഷന്‍ 1000. ഇത് എല്ലാ സംരംഭങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനായുള്ള സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതായി ബഹു. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംരംഭക വര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ 1,39,840 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. 3,43,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. 45107 വനിതാ സംരംഭങ്ങള്‍ ആരംഭിച്ചു. 14 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന്‍ 1000 പോര്‍ട്ടലിന്റെയും യൂടൂബ് സെല്‍ഫി പോയിന്റിന്റെയും ഉദ്ഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories