കേരളത്തിന്റെ വ്യവസായമേഖല ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ 1000. കേരളത്തിലെ എംഎസ്എംഇകളില്‍ 1000 എണ്ണത്തെ നിശ്ചിത മാനദണ്ഡങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുത്ത്, ഇവയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മിഷന്‍ 1000’ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും.
നിഷ്‌കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകളുള്ള എം എസ് എം ഇകളെ സുതാര്യമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സ്‌കെയില്‍ അപ്പ് സ്‌കീമിനായി തെരഞ്ഞെടുക്കും. സ്‌കെയില്‍ അപ്പ് മിഷന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകള്‍ക്ക് നിരവധിയായിട്ടുള്ള പ്രോത്സാഹനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കും. മൂലധന നിക്ഷേപ സബ്‌സിഡി, പ്രവര്‍ത്തന മൂലധന വായ്പയുടെ പലിശ സബ്‌സിഡി, ടെക്‌നോളജി നവീകരണത്തിന് സഹായം, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിന് സഹായം തുടങ്ങി നിരവധി സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം വ്യവസായവകുപ്പിന്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കും. ഈ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വ്വഹിക്കുന്നത്.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ 1,39,840 സംരംഭങ്ങള്‍ ആരംഭിക്കാനും ഇതിലൂടെ 3,00,000ത്തിലധികം തൊഴില്‍ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം രാജ്യത്തിനാകെ തെളിയിക്കാന്‍ സഹായകമായി. എം എസ് എം ഇ മേഖലയില്‍ രാജ്യത്തെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ട പദ്ധതിക്കും തുടര്‍ച്ച കൊണ്ടുവരികയാണ് സര്‍ക്കാര്‍. ഈ വര്‍ഷം കേരളത്തിന്റെ വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. ഇതാദ്യമായി മാനുഫാക്ച്ചറിങ് മേഖലയുടെ സംഭാവന 18.9 ശതമാനമായി ഉയര്‍ന്നു. ഈ കുതിപ്പ് ഭാവിയിലും തുടരുന്നതിനായാണ് മിഷന്‍ 1000 നടപ്പിലാക്കുന്നത്.