സംസ്ഥാനത്തെ പാലങ്ങൾ സൗന്ദര്യവത്കരിക്കും- മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

Related Stories

പാലങ്ങളുടെ പ്രത്യേകതകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ബാലഗ്രാം – കമ്പംമെട്ട് റോഡിന്റെ ഭാഗമായ കൂട്ടാർ പാലത്തിന്റെ നിർമാണ ഉദ്ഘാടനം വീഡിയോ സന്ദേശത്തിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ ലൈറ്റിംഗ്, ഇരിപ്പിടങ്ങൾ ഒക്കെ ഉൾപ്പെടുത്തി പാലങ്ങൾ നവീകരിക്കുകയാണ്. 2023 ൽ സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ സൗന്ദര്യവത്കരിക്കുന്നത് സർക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി അറിയിച്ചു. ചരിത്രപരമായ പ്രത്യേകതകളുള്ള പാലങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന പാലങ്ങൾ എന്നിവ കണ്ടെത്തി അറ്റകുറ്റപണി നടത്തി നവീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത മാധ്യമമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടാർ പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനും മന്ത്രി നിർദേശം നൽകി.
കൂട്ടാറിൽ നടന്ന ചടങ്ങിൽ പ്രാദേശികമായ ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കരുണാപുരം പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആലപ്പുഴ – മധുര അന്തർ സംസ്ഥാന പാതയുടെ ഭാഗമായ കൂട്ടാർ പാലം 20 മീറ്റർ നീളവും 4 മീറ്റർ വീതിയും മാത്രമുള്ള സബ് മേർജിബിൾ പാലമായിട്ടാണ് നിലനിൽക്കുന്നത്. 274.7 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പൺ ഫൗണ്ടേഷനിൽ സെമി ഇന്റഗ്രൽ ടൈപ്പ് മാതൃകയിൽ 25 മീറ്ററിന്റെ ഒറ്റ സ്പ്പാനോട് കൂടി 26.8 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇരുവശത്തും 1.5 മീറ്റർ വീതിയോടുകൂടി നടപ്പാതയും 7.5 മീറ്റർ ക്യാരിയേജ് (വണ്ടിപ്പാത) വീതിയിലുമാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇരുവശത്തുമായി കോൺക്രീറ്റ് പാർശ്വഭിത്തിയോടു കൂടിയ 50 മീറ്റർ നീളത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് ഉപരിതലമുള്ള അനുബന്ധ റോഡും നിർമ്മിക്കുന്നുണ്ട്. സോയിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ പ്രകാരം 274.7 ലക്ഷം രൂപയുടെ സങ്കേതികാനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തികരിക്കുകയും ചെയ്തു. 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് നിർദേശം.
ചടങ്ങിൽ കരുണാപുരം പഞ്ചായത്ത്‌ പ്രസിഡന്റ് മിനി പ്രിൻസ്, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് മോഹനൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീദേവി എസ്, ബേബിച്ചൻ ചിന്താർമണി, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories