ഇന്ത്യ അതിവേഗം വളരുന്നു: 2024ലെ രാജ്യത്തിന്റെ വളർച്ചാപ്രതീക്ഷ ഉയർത്തി മൂഡീസ്

0
413

2024ലെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 6.1 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും മൂഡീസ് പറഞ്ഞു. 2025ൽ ജി.ഡി.പി വളർച്ച 6.4 ശതമാനമാകുമെന്നാണ് മൂഡീസിന്റെ കണക്കുകൂട്ടൽ.

2023 കലണ്ടർ വർഷം നാലാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വാർഷികാടിസ്ഥാനത്തിൽ 8.4 ശതമാനം വർധിച്ചു. 2023 കലണ്ടർ വർഷത്തെ വളർച്ച 7.7 ശതമാനമായി. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.6 ശതമാനം വളരുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ പ്രതീക്ഷ.

2023-24 സമ്പദ്‌വ്യവസ്ഥയുടെ സെപ്റ്റംബർ, ഡിസംബർ ത്രൈമാസത്തിലെ ശക്തമായ പ്രകടനം മാർച്ച് പാദത്തിൽ ഇതുവരെ ശക്തമായ പ്രകടനം കാഴ്‌ചവയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശക്തമായ ചരക്ക് സേവന നികുതി പിരിവ്, വാഹന വിൽപ്പനയിലെ വർദ്ധന, വായ്‌പാ വളർച്ച എന്നിവ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനാലാണിത്.  2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ 11.1 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്. ജി.ഡി.പിയുടെ 3.4 ശതമാനം വരുമിത്. 2023-24 സാമ്പത്തിക വർഷത്തിൻ്റെ എസ്റ്റിമേറ്റിനേക്കാൾ 16.9 ശതമാനം അധികമാണിത്.