കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോയത് 10,000 ത്തിലേറെ മൊബൈൽ ഫോണുകൾ

0
208

കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോവുകയോ കളഞ്ഞുപോവുകയോ ചെയ്തത് 14,000ലേറെ മൊബൈൽഫോണുകളെന്ന് റിപ്പോർട്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ട്രാക്കിംഗ് സംവിധാനമായ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (CEIR) ആണ് കണക്കുകൾ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് 15ന് കേരളത്തിൽ സേവനം നൽകിത്തുടങ്ങിയതിന് ശേഷം ഇതുവരെ മൊബൈൽഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിന് 14,380 അപേക്ഷകളാണ് സി.ഇ.ഐ.ആറിന് ലഭിച്ചത്. ഇതിൽ 7,461 ഫോണുകൾ ട്രാക്ക് ചെയ്തിട്ടുണ്ട്. 1,390 ഫോണുകളാണ് കണ്ടെത്തി തിരിച്ചുപിടിച്ചത്. രാജ്യത്താകെ 12.40 ലക്ഷം മൊബൈൽ ഫോണുകളാണ് സി.ഇ.ഐ.ആറിൽ ലഭിച്ച പരാതികൾ പ്രകാരം ബ്ലോക്ക് ചെയ്‌തത്‌. ഇതിൽ 6.35 ലക്ഷം ഫോണുകൾ ട്രാക്ക് ചെയ്‌തുകഴിഞ്ഞു. 77,162 ഫോണുകൾ വീണ്ടെടുത്ത് യഥാർത്ഥ ഉപയോക്താവിന് നൽകി.


മൊബൈൽ ഫോൺ മോഷണം പോവുകയോ, കളഞ്ഞുപോവുകയോ ചെയ്താൽ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനമാണ് സി.ഇ.ഐ.ആർ. കേന്ദ്രഭരണപ്രദേശങ്ങളിലുൾപ്പെടെ രാജ്യമെമ്പാടും സി.ഇ.ഐ.ആറിന്റെ സേവനം ലഭ്യമാണ്. ഫോൺ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്‌താൽ ഉടമസ്ഥന് സി.ഇ.ഐ.ആറിന്റെ വെബ്സൈറ്റ് വഴി പരാതി സമർപ്പിക്കാം. ബന്ധപ്പെട്ട പൊലീസിന്റെ സഹായത്തോടെ പരാതിയിന്മേൽ സി.ഇ.ഐ.ആർ നടപടിയെടുക്കും. ഫോൺ പൂർണമായി ബ്ലോക്ക് ചെയ്യുകയാണ് ആദ്യം ചെയ്യുക. മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുകിട്ടിയതോ ആയ ഫോൺ രാജ്യവിരുദ്ധ പ്രവർത്തനങ്ങളടക്കമുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുകയാണ് സി.ഇ.ഐ.ആറിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.