എം.ഫിൽ കോഴ്സുകൾക്ക് അഡ്‌മിഷൻ എടുക്കരുതെന്ന് വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യു.ജി.സി) മുന്നറിയിപ്പ്. മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) കോഴ്‌സുകൾ അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി അറിയിച്ചു. 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രവേശനം നിർത്തിവയ്ക്കണമെന്ന് സർവകലാശാലകളോടും യു.ജി.സി ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എം.ഫിൽ കോഴ്സുകൾ നിർത്തലാക്കിയതാണ്. 2022 ലെ ചട്ടത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ കോഴ്‌സ് പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റിന് നിയമ സാധുത ഉണ്ടാകുമെന്നും യു.ജി.സി വ്യക്തമാക്കി. ചില സർവകലാശാലകൾ എം.ഫിൽ കോഴ്‌സിലേക്ക് പുതുതായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും യു.ജി.സി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.