50,000 കോടി പിന്നിട്ട് രാജ്യത്തെ ഏറ്റവും വിലയുള്ള ഓഹരിയായ എം.ആർ.എഫിന്റെ വിപണിമൂല്യം. എൻ.എസ്.ഇയിലെ കണക്കുപ്രകാരം 50,045.48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലാണ് ഓഹരി വില.
ഇന്ത്യയിലെ ടയർ നിർമ്മാതാക്കൾക്കിടയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് എം.ആർ.എഫ്. 50,313 കോടി രൂപ വിപണി വിഹിതവുമായി ബാലകൃഷ്ണ ഇൻഡസ്ട്രീസാണ് ഒന്നാമത്. അപ്പോളോ ടയേഴ്‌സ് (29,109 കോടി രൂപ), സിയറ്റ് (9,400 കോടി രൂപ), ജെ.കെ. ടയർ (8,576 കോടി രൂപ) എന്നിവയാണ് പിന്നാലെയുള്ളത്.
അഞ്ചുവർഷം മുമ്പ് 51,970 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോൾ 1,18,000 രൂപയായത്. 5 വർഷത്തിനിടെ എം.ആർ.എഫ് ഓഹരി നിക്ഷേപകർക്ക് നൽകിയത് 84 ശതമാനത്തോളം നേട്ടമാണ്. ഓഹരി വില ഒന്നിന് ഒരു ലക്ഷം രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ ഓഹരിയുമാണ് എം.ആർ.എഫ്. കഴിഞ്ഞ ജൂൺ 14നായിരുന്നു എം.ആർ.എഫ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ലോകത്തെ ഏറ്റവും കരുത്തുറ്റ ടയർ ബ്രാൻഡുകളിലൊന്നു കൂടിയാണ് എം.ആർ.എഫ്. ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയ 2023ലെ പട്ടികയിൽ എം.ആർ.എഫ് രണ്ടാം സ്ഥാനത്താണ്. മിഷലിൻ ആണ് ഒന്നാം സ്ഥാനത്ത്.