സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഡാറ്റ വിരല്‍തുമ്പില്‍

Related Stories

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി. 2022 മാര്‍ച്ച് 31നോ അതിനു മുന്‍പോ പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന, സേവന മേഖലയിലെ യൂണിറ്റുകളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കും. കുടുംബശ്രീ മുഖേന ലഭ്യമാക്കിയ ആയിരത്തിലധികം എന്യൂമറേറ്റര്‍മാര്‍ മുഖാന്തിരമാണ് വിവരശേഖരണം. നിലവില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ കൃത്യവും, പൂര്‍ണ്ണവുമായ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഓരോ മേഖലയ്ക്കും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ എന്നതിനാല്‍ സര്‍വ്വേയ്ക്ക് എല്ലാ സംരംഭകരും, വ്യവസായ അസോസിയേഷനുകളും പിന്തുണയും, സഹകരണവും നല്‍കേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. ഇതിനായി കൃത്യമായ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാരോട് പങ്കുവയ്ക്കണം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച 92000 സംരംഭങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റലായി തന്നെ ശേഖരിച്ചിട്ടുണ്ട്. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ‘വ്യവസായ ജാലകം’ എന്ന സംവിധാനത്തിലേയ്ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ആപ്പിലൂടെ യൂണിറ്റുകളുടെ നിക്ഷേപം, തൊഴില്‍, ഉത്പാദന ശേഷി, ഊര്‍ജ്ജ- ജല ഉപഭോഗം തുടങ്ങിയവയോടൊപ്പം യൂണിറ്റിന്റെ ഫോട്ടോ, ഭൗമ സ്ഥാനം എന്നിവയും ശേഖരിക്കും. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ സര്‍വേ അനുസരിച്ച് ഒന്നര ലക്ഷത്തോളം ഉത്പാദന- സേവന യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഈ യൂണിറ്റുകളുടെ നിലവിലെ സ്ഥിതിയും, ഇതില്‍ ഉള്‍പ്പെടാത്ത യൂണിറ്റുകളുടെ വിവരങ്ങളും നിലവിലെ സര്‍വേയിലൂടെ ശേഖരിക്കും. രണ്ടു മാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories