ഇന്ത്യൻ നിക്ഷേപകർക്ക് ഉടൻ തന്നെ യു.എസ് സ്പോട്ട്-ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) നിക്ഷേപം നടത്താൻ ആയേക്കും. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ മുദ്രെക്‌സ് നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട നിക്ഷേപകർക്കും ഇതിനായുള്ള സൗകര്യം നൽകുമെന്ന് കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ എദുൽ പട്ടേൽ അറിയിച്ചു. ഫ്രാങ്ക്ലിൻ ടെമ്പിൾടൺ, ബ്ലാക്ക്‌റോക്ക്, ഫിഡിലിറ്റി, വാൻഗാർഡ് എന്നിങ്ങനെ നാല് സ്പോട്ട് ഇ.ടി.എഫുകൾ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
ചെറുകിട നിക്ഷേപകർക്ക് ഇതിനകം തന്നെ യു.എസ് സ്റ്റോക്ക് ഇൻവെസ്റ്റിംഗ് കമ്പനികൾ വഴി സ്പോട്ട്-ബിറ്റ്കോയിൻ ഇ.ടി.എഫുകളിൽ നിക്ഷേപിക്കാം. മുദെക്‌സിലൂടെയാകും നിക്ഷേപക സ്ഥാപനങ്ങൾക്ക് ഇതിനുള്ള അവസരം ലഭിക്കുക. കാലിഫോർണിയ ആസ്ഥാനമായുള്ള വൈ-കോമ്പിനേറ്ററിൻ്റെ പിന്തുണയോടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത അനുബന്ധ സ്ഥാപനം വഴിയാണ് ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതെന്ന് മുദ്രെക്‌സ് ഉറപ്പാക്കും. അതേസമയം കമ്പനിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനം സ്പോട്ട്-ബിറ്റ്കോയിൻ ഇ.ടി.എഫ് സേവനം നൽകും. ഇന്ത്യൻ നിക്ഷേപകർക്ക് മുദ്രെക്‌സ് പ്ലാറ്റ്ഫോമിൽ സ്പോട്ട് ബിറ്റ്കോയിൻ ഇ.ടി.എഫുകളിൽ കുറഞ്ഞത് 5,000 ഡോളറും പരമാവധി 2.5 ലക്ഷം ഡോളറും നിക്ഷേപിക്കാൻ സാധിക്കും. ഇന്ത്യക്കാർക്ക് ലിബറലൈസ്‌ഡ് റെമിറ്റൻസ് സ്കീമിന് (എൽ.ആർ.എസ്) കീഴിൽ സെക്യൂരിറ്റികൾ വാങ്ങാൻ അനുവാദമുണ്ട്. നിലവിൽ 60,48,856 രൂപയാണ് (72,919 ഡോളർ) ഒരു ബിറ്റ്‌കോയിൻ്റെ വില.
അതേസമയം ഇന്നും ഇന്ത്യയിൽ ബിറ്റ്കോയിൻ്റെ നിയമപരമായ നില അവ്യക്തമാണ്. ക്രിപ്പ്റ്റോ കറൻസികൾക്ക് റിസർവ് ബാങ്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. നിലവിൽ ബിറ്റ്കോയിനെയോ മറ്റ് ക്രിപ്റ്റോ കറൻസികളെയോ നിയന്ത്രിക്കുന്ന പ്രത്യേക നിയമനിർമ്മാണങ്ങളൊന്നും ഇന്ത്യയിലില്ല. അതേസമയം ക്രിപ്റ്റോയുടെ വ്യാപാരം, വിൽക്കൽ അല്ലെങ്കിൽ ചെലവഴിക്കൽ എന്നിവയിൽ നിന്നുള്ള ലാഭത്തിന് ഇന്ത്യയിൽ 30 ശതമാനം നികുതി അടയ്‌ക്കേണ്ടതുണ്ട്.